Shihab Thangal Relief Cell and Welfare Society Welcome You. Join us to uplift the needy
വാര്‍ത്തകള്‍

ഉന്നതരാഷ്ട്രീയ നേതാക്കള്‍ ശിഹാബ്‌ തങ്ങളെ ഓര്‍ക്കുമ്പോള്‍.......



സോണിയ ഗാന്ധി
  • വിവേകപൂര്‍ണവും സന്തുലിതവുമായ നിലപാടുകളിലൂടെ ഒരേ സമയം രാഷ്ട്രീയ നേതാവും സാമൂഹി നവോഥാന നായകനുമായിരുന്നു ശിഹാബ്‌ തങ്ങള്‍. സ്വന്തം സമുദായത്തിന്റെ മാത്രമല്‍ള, സമൂഹത്തിന്റെ ഒന്നടങ്കം സ്നേഹവും മമതയും അദ്ദേഹം നേടി. തങ്ങളുടെ മതസൌഹാര്‍ദനിലപാടുകളും മാനസിക വിശാലതയും പൊതുരംഗത്തെ പുതുതലമുറയ്ക്ക്‌ പ്രചോദനമാണ്‌.
. ഉമ്മന്‍ചാണ്ടി
  • എപ്പോഴും ആത്മവിശ്വാസം പകരുന്ന ശക്‌തിയായിരുന്നു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. ആധ്യാത്മിക, രാഷ്ട്രീയ രംഗങ്ങളില്‍ ഒരുപോലെ നേതൃത്വം വഹിച്ചിട്ടുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്‌തിത്വം. എന്തു പ്രശ്നമുണ്ടെങ്കിലും സമീപിച്ചാല്‍ അദ്ദേഹം പരിഹാരം ഉണ്ടാക്കും എന്ന ആത്മവിശ്വാസം യുഡിഎഫിനും നേതൃസ്ഥാനത്തുണ്ടായിരുന്ന എനിക്കും ഉണ്ടായിട്ടുണ്ട്‌. 77ല്‍ ഞാന്‍ തൊഴില്‍ മന്ത്രിയായിരിക്കെ എ.കെ. ആന്റണി മല്‍സരിച്ച കഴക്കൂട്ടം ഉപതിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചു. അന്ന്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ആന്റണിക്കുവേണ്ടി പ്രചാരണം നടത്താന്‍ വന്നു. പ്രചാരണ യോഗങ്ങളില്‍ ഞങ്ങള്‍ പോയിരുന്നത്‌ ഒരുമിച്ചായിരുന്നു. എത്ര ആത്മാര്‍ഥതയോടെയാണ്‌ അദ്ദേഹം കാര്യങ്ങളില്‍ ഇടപെട്ടിരുന്നത്‌ എന്ന്‌ എനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടു.
. കെ.എം. മാണി
  • കേരള രാഷ്ട്രീയത്തില്‍ ഇത്രയ്ക്കും ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞ നേതാവില്ല. സുകൃത ജീവിതം, നിഷ്കളങ്കത, സൌമ്യത എന്നിവകൊണ്ട്‌ കേരളത്തിലെ ജനങ്ങളുടെ ഹൃദയം കവര്‍ന്ന നേതാവാണ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. യുഡിഎഫില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മധ്യസ്ഥതയ്ക്കായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്‌. മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ യുഡിഎഫിന്‌ മാര്‍ഗദര്‍ശിയും മധ്യസ്ഥനും അംപയറുമൊക്കെയായിരുന്നു.
. ആര്‍.ബാലകൃഷ്ണ പിള്ള
  • 1975 അവസാനമോ 76 ആദ്യമോ ആണ്‌ കാലം. ജയില്‍ വകുപ്പിന്റെകൂടി ചുമതലയുള്ള മന്ത്രിസ്ഥാനം വഹിക്കുന്ന ഞാന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ കാണാന്‍ മലപ്പുറത്തെത്തി. അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ ഒട്ടേറെ നേതാക്കള്‍ അപ്പോള്‍ ജയിലിലുണ്ട്‌.
  • രാഷ്ട്രീയമൊക്കെ എന്തെങ്കിലുമാകട്ടെ ജയിലിലുള്ള അഖിലേന്ത്യാ ലീഗ്‌ നേതാക്കളടക്കമുള്ളവര്‍ക്ക്‌ നിയമമനുസരിച്ചുള്ള സൌകര്യങ്ങള്‍ ഒരുക്കിയാല്‍ നന്നായിരുന്നെന്ന്‌ സംഭാഷണമധ്യേ തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഞാന്‍ കണ്ണൂര്‍ ജയില്‍ സന്ദര്‍ശിക്കുകയും നിയമാനുസൃതമായ സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്‌തു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തെ വ്യക്‌തിബന്ധങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കാത്ത സ്നേഹവും വലിയ മനസ്സുമാണ്‌ ഈ സംഭവത്തിലൂടെ ഞാന്‍ കണ്ടത്‌.

 ഇ.കെ. നായനാര്‍ 
  • 'നിര്‍ണായകഘട്ടങ്ങളില്‍ ശിഹാബ്‌ തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ സമൂഹത്തെ ഒരേമനസ്സോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയോജനപ്പെട്ടിട്ടുണ്ട്‌. സാമുദായികമൈത്രിയുടെയും സാഹോദര്യത്തിന്റെയും സാമൂഹികപുരോഗതിയുടെയും മൂല്യങ്ങളെ ശക്‌തിപ്പെടുത്തുന്നതിന്‌ എന്നും പ്രചോദനമാണു ശിഹാബ്‌ തങ്ങളുടെ ജീവിതം.'.

പി.കെ.വാസുദേവന്‍ നായര്‍ 
  • 'വൈകാരികമുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടായിട്ടും തികച്ചും സമചിത്തതയോടെയാണ്‌ ശിഹാബ്‌ തങ്ങള്‍ അയോധ്യ പ്രശ്നത്തെ നേരിട്ടത്‌. വളരെ പക്വമായ നേതൃത്വത്തിനു മാത്രമേ ഇതു സാധ്യമാകൂ. മറിച്ചായിരുന്നു നിലപാടെങ്കില്‍ ഇന്നു കശ്മീര്‍ നേരിടുന്നതുപോലുള്ള ഭീകരമായ അവസ്ഥയിലേക്കുപോലും ഒരുപക്ഷേ, അതു നീങ്ങിപ്പോകുമായിരുന്നു.'. 

ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ 
  • 'രാജ്യതാല്‍പര്യത്തിനായി പ്രവര്‍ത്തിച്ച ഉത്തമനേതാവാണു ശിഹാബ്‌ തങ്ങള്‍. മതവൈരമോ രാഷ്ട്രീയ ചാപല്യമോ ഇല്‍ളാത്ത പ്രവര്‍ത്തനവും ഉന്നതമായ ധാര്‍മികമൂല്യവുമാണ്‌ അദ്ദേഹത്തിന്റെ മഹത്വം.'.